2018, മേയ് 27, ഞായറാഴ്‌ച

‘സമ്പൂര്‍ണ പരാജയമെന്ന സര്‍ട്ടിഫിക്കറ്റാണ് മിസോറാം ഗവര്‍ണര്‍ പദവി, വിശ്രമിച്ചോ രാജശേഖരാ എന്ന് മാത്രമാണ് ഓര്‍ഡറിനര്‍ത്ഥം’നൈസായിട്ട് തട്ടിയതാണ്. 

സംസ്ഥാന അധ്യക്ഷനായി അപ്രതീക്ഷിത സ്ഥാനം നല്‍കുമ്പോള്‍ അമിത് ഷാ പ്രതീക്ഷിച്ചിട്ടുണ്ടാവുക ഛിദ്രത വളര്‍ത്താന്‍ രാജശേഖരന് കഴിയുമെന്ന് തന്നെയാവും. അതിനൊത്ത ട്രാക്ക് റെക്കോര്‍ഡ് കക്ഷിക്കുള്ളതുമാണ്. ഇന്നേ വരെ ഒരു പഞ്ചായത്തംഗം വരെ ആയിട്ടില്ലെങ്കിലും നിലയ്ക്കല്‍ തൊട്ട് മാറാട് വരെ കഴിയും വിധത്തിലൊക്കെ വിഭജനമുണ്ടാക്കിയ ‘കുടിലത മനുഷ്യരൂപം പൂണ്ട ഉടലിന് ‘ സംസ്ഥാന അധ്യക്ഷ പദവി കൊടുക്കുമ്പോള്‍ നാഗ്പൂര്‍ പ്രതീക്ഷിച്ചിട്ടുണ്ടാവുക ഒരു സംസ്ഥാന വ്യാപക കലാപം തന്നെയായിരിക്കണം.ഇച്ചിരെ പരുത്തിക്കുരു ഇച്ചിരെ കടലപ്പിണ്ണാക്കെന്ന ശങ്കരാടിയന്‍ മെതഡോളജി ഇന്ത്യയിലുടനീളം വിജയിപ്പിക്കാന്‍ കഴിഞ്ഞതാണ് താനും.  രാജശേഖരന്‍ പണിയെടുത്തില്ല എന്നൊന്നും പറഞ്ഞൂടാ. തന്നാലാവും വിധം ശ്രമിച്ചിട്ടും ഓരോ ദാരുണ സംഭവങ്ങളിലും പ്രച്ഛന്ന വേഷം മുതല്‍ കരകാട്ടം വരെ കളിച്ചു നോക്കിയിട്ടും കേരളം പൊതുവെ അതിനെ പ്രതിരോധിച്ചു നിന്നു. തനിക്കൊത്തവനാണ് രാജശേഖരനെന്ന് തെളിയിക്കാന്‍ സാക്ഷാല്‍ പി.എം.പ്രൊട്ടോക്കോള്‍ തെറ്റിച്ച് മെട്രോയിലും വേദിയിലും ഇടതുവശത്തിരിത്തിയിട്ടും കേരളം കനിഞ്ഞില്ല. സോഷ്യല്‍ മീഡിയ കല്‍പ്പിച്ചു കൊടുത്ത വിദൂഷക പരിവേഷം രാജശേഖരനെ ആകെ മൊത്തം കോമാളിയാക്കിക്കളഞ്ഞു.  നോക്കണേ.. ഒരു ഫാഷിസ്റ്റ് സംഘടനാ രൂപത്തിന്റെ ഒന്നാം നിര നേതാവിനെ യാണ്, കരുത്തനും കുടില തന്ത്രജ്ഞനുമെന്ന് കരുതിയ ആളിനെയാണ് പ്രത്യക്ഷപ്പെടുന്ന ഓരോ സന്ദര്‍ഭത്തിലും കോമാളിനാട്യം കാണും പോലെ ഒരു ജനത ചിരിച്ച് തള്ളിക്കളഞ്ഞത്. വിഷവിത്ത് വിതയ്ക്കാനുള്ള എല്ലാ ശ്രമങ്ങളെയും ‘പോയി ചത്തൂട്രാ ‘ ന്ന് ആട്ടി വിട്ടത്.അതില്‍ സോഷ്യല്‍ മീഡിയയുടെയും ട്രോളന്‍മാരുടെയും പങ്ക് ചെറുതല്ല. മുഖ്യധാരാ മാധ്യമങ്ങളിലൊന്നിന് ഔദ്യോഗിക സ്ഥാനാരോഹണ വാര്‍ത്തയ്ക്ക് ‘ട്രോളല്ല’ എന്ന് ടിപ്പണി കൊടുക്കേണ്ടി വന്നത് സോഷ്യല്‍ മീഡിയയുടെ രാഷ്ട്രീയ പ്രതിരോധത്തിന്റെ വിജയമാണ്.  പ്ലാനും അതിന്റെ എക്‌സിക്യുഷനും പൊളിഞ്ഞതിന്റെ മണിയൊച്ചയാണ് ഇന്നലെയിറങ്ങിയ ഗവര്‍ണാറക്കല്‍ ഓര്‍ഡര്‍. തട്ടിയതാണ്, വടക്കെങ്ങോ ഉള്ള ഒരപരിചിത സംസ്ഥാനത്ത് പോയി വിശ്രമിക്കാന്‍. സമ്പൂര്‍ണ പരാജയമെന്ന സര്‍ട്ടിഫിക്കറ്റാണ് മിസോറാം ഗവര്‍ണര്‍ പദവി.വിശ്രമിച്ചോ രാജശേഖരാ എന്ന് മാത്രമാണ് ഓര്‍ഡറിനര്‍ത്ഥം. കുമ്മനം കൂട്ടിയാല്‍ കേരളം കൂടില്ല എന്ന തിരിച്ചറിവാണിത്.

തോറ്റ് പിന്‍വാങ്ങുന്ന പുലിയെന്ന് തെറ്റിദ്ധരിച്ച എലിയാണ്. ചിരിച്ചു കൊണ്ടു തന്നെ നമുക്ക് യാത്രയയപ്പ് കൊടുക്കാം.  ഇനിയാണ് പക്ഷേ കരുതലോടെയിരിക്കേണ്ടത്.സംഘ് പരാജയത്തില്‍ നിന്ന് പാഠം പഠിച്ചു കൊണ്ടു തന്നെയാണ് എക്കാലത്തും വളര്‍ന്നത്. ഇനി വരാന്‍ പോകുന്ന സംസ്ഥാന അധ്യക്ഷന്‍ പ്രത്യക്ഷത്തില്‍ ഒരു വിഷവിത്തായിരിക്കില്ല. മധ്യവര്‍ഗത്തിനിടയില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന,അത്തരമൊരു ഇമേജ് രൂപപ്പെടുത്താന്‍ കഴിയുന്ന, സംസ്‌കാര സമ്പന്നനെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുന്ന, ട്രോളന്‍മാര്‍ക്ക് തൊടാന്‍ ഇടം വിട്ടു കൊടുക്കാത്ത, ശ്രദ്ധാശാലിയായ ഒരവതാരം ഇനി വരാനാണ് സാധ്യത. വര്‍ഗീയത കേരളത്തില്‍ നേരിട്ട് കത്തില്ല എന്നുറപ്പായ സ്ഥിതിക്ക് രീതിശാസ്ത്രം മാറാനാണ് സാധ്യത.