2018, മേയ് 20, ഞായറാഴ്‌ച

കേരളത്തില്‍ കാലയെത്തുന്നത് ഇരുന്നൂറോളം സ്‌ക്രീനുകളില്‍ ; പടയോട്ടത്തിനൊരുങ്ങി തലൈവര്‍സ്‌റ്റൈല്‍ മന്നന്റെ പുതിയ ചിത്രം കാല കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുന്നത് ഇരുന്നൂറോളം സ്‌ക്രീനുകളിലെന്ന് റിപ്പോര്‍ട്ട്. കബാലിയേക്കാള്‍ വമ്പന്‍ റിലീസായാണ് ചിത്രമെത്തുന്നത്. ചിത്രത്തിന്റെ കേരള വിതരണം വമ്പന്‍ തുകയ്ക്കാണ് വിറ്റ് പോയത്. തുക എത്രയാണെന്ന് പുറത്തുവിട്ടിട്ടില്ല. ജൂണ്‍ ഏഴിന് ചിത്രം തീയേറ്ററുകളിലെത്തുമ്പോള്‍ ഏവരും ഉറ്റു നോക്കുന്നത് കാലയുടെ കേരളത്തിലെ ആദ്യദിന കളക്ഷന്‍ ബാഹുബലിയെ തോല്‍പ്പിക്കുമോ എന്നതാണ്.

തിരുനെല്‍വേലിയില്‍ നിന്ന് മുംബൈയിലെത്തി ധാരാവിയിലെ അധോലോകത്തിന്റെ നേതാവായി മാറുന്ന ഒരാളുടെ ജീവിതമാണ് കാലയുടെ പ്രമേയം. അതേസമയം രജനിയുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ പശ്ചാത്തലത്തില്‍ വിലയിരുത്തുമ്പോള്‍ ഏറെ പ്രാധാന്യമുള്ള ചിത്രമാണ് കാല.

സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ കറുപ്പണിഞ്ഞ് കരികാലന്‍ അവതാരമായിട്ടാണ് പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലൂടെ രജനി പ്രേക്ഷകര്‍ക്കുമുന്നിലേക്കെത്തുന്നത്. കബാലി, മദ്രാസ് ,ആട്ടക്കത്തി എന്നീ ചിത്രങ്ങളിലൂടെ സിനിമാരാധകരുടെ നെഞ്ചില്‍ ഇടം നേടിയ പാ രഞ്ജിത്താണ് കാല സംവിധാനം ചെയ്യുന്നത്. നാനാ പടേക്കര്‍, ഈശ്വരി ദേവി, സമുദ്രക്കനി, ഹുമ ഖുറേഷി, പങ്കജ് ത്രിപാഠി എന്നിവരും കാലയില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ധനുഷാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.