2018, മേയ് 26, ശനിയാഴ്‌ച

മരിച്ചിട്ടില്ല, ജീവനോടെയുണ്ട് വ്യാജ വാര്‍ത്തയുടെ ഇരയായി നടന്‍ വി.കെ.ശ്രീരാമന്‍


നായര്‍ ഹോട്ടല്‍ എന്ന പേരില്‍ ഒരു വാട്സാപ്പ് ഗ്രൂപ്പുണ്ട് കുന്നംകുളത്ത്. ഈ ഗ്രൂപ്പിന്‍റെ അഡ്മിന്‍ നടനും എഴുത്തുകാരനുമായ വി.കെ.ശ്രീരാമനാണ്. മരണവാര്‍ത്ത വാട്സാപ്പ് ഗ്രൂപ്പുകളില്‍ നിന്ന് ഗ്രൂപ്പുകളിലേയ്ക്ക് പ്രവഹിക്കുമ്പോള്‍ നായര്‍ ഹോട്ടല്‍ ഗ്രൂപ്പില്‍ മരിച്ചയാളുടെ പോസ്റ്റ്. സാക്ഷാല്‍ വി.കെ.ശ്രീരാമന്‍റെ പോസ്റ്റ്.   "കേസരി ബാലകൃഷ്ണപിള്ള ജീവിച്ചിരിക്കുന്ന കാലത്ത് അദ്ദേഹം മരിച്ചതായി രണ്ടു പത്രങ്ങള്‍ വാര്‍ത്ത കൊടുത്തു. പിന്നാലെ കേസരി പത്രാധിപര്‍ക്ക് കത്തെഴുതി. ഒരാള്‍ മരിച്ചാല്‍ മറ്റുള്ളവര്‍ എങ്ങനെ അതിനോട് പ്രതികരിക്കും എന്നറിയാന്‍ സാധാരണ അയാള്‍ക്ക് അവസരം ലഭിക്കാറില്ല. അത്തരം ഒരവസരം എനിക്കു നല്‍കിയതില്‍ ഞാന്‍ താങ്കളോട് കൃതജ്ഞതയുള്ളവനായിരിക്കും. "  വി.കെ.ശ്രീരാമനും കേസരി ബാലകൃഷ്ണപിള്ളയുടെ അവസ്ഥ ഇന്നുണ്ടായി. മരണവാര്‍ത്ത ആരോ മെനഞ്ഞുണ്ടാക്കി നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. സാധാരണ ജഗതി ശ്രീകുമാറാണ് വ്യാജ വാര്‍ത്തയുടെ സ്ഥിരം ഇര. ഇക്കുറി വി.കെ.ശ്രീരാമനായിരുന്നു അവസരം.   സന്ദേശം കണ്ട ഉടനെ പലരും ശ്രീരാമന്‍റെ സുഹൃത്തുക്കളെ വിളിച്ചു. അദ്ദേഹം ആശുപത്രിയിലാണോയെന്ന് വളച്ചുക്കെട്ടി ചോദിച്ചു. സുഹൃത്തുക്കള്‍ക്ക് കാര്യം പിടികിട്ടി. അവര്‍ പറഞ്ഞു. ശ്രീരാമേട്ടന് യാതൊരു കുഴപ്പവുമില്ല. കേട്ടതൊന്നും ശരിയല്ല. ചിലര്‍ അദ്ദേഹത്തെ നേരിട്ടു വിളിച്ചു. ചിലര്‍ അദ്ദേഹത്തിന് വാട്സാപ്പില്‍ മെസേജ് അയച്ചു. അധികമാരും തന്നെ ഓര്‍ക്കുന്നില്ല. മരണ വാര്‍ത്ത വന്നപ്പോള്‍ മലയാളികള്‍ എല്ലാം വീണ്ടും ഓര്‍ത്തില്ലേ. ഇതിനു പിന്നില്‍ താന്‍തന്നെയാണെന്ന അദ്ദേഹത്തിന്‍റെ തമാശ കേട്ടപ്പോള്‍ സുഹൃത്തുക്കള്‍ക്ക് ചിരിക്കുള്ള വകയായി.   മാധ്യമങ്ങളുടെ ഓഫിസിലേക്ക് വിളിച്ചാണ് ചിലര്‍ വാര്‍ത്ത വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. വ്യാജ വാര്‍ത്ത മെനഞ്ഞവര്‍ ഇപ്പോഴും കാണാമറയത്താണ്. ശ്രീരാമന്‍ ഇതേക്കുറിച്ച് ഇതുവരെ ആര്‍ക്കും പരാതി നല്‍കിയിട്ടില്ല. പക്ഷേ, നവമാധ്യമങ്ങള്‍ ഇങ്ങനെ സെലിബ്രിറ്റികളെ കരുണയില്ലാതെ കൊന്നൊടുക്കുകയാണ്