2018, മേയ് 26, ശനിയാഴ്‌ച

കാലവര്‍ഷം ആന്‍ഡമാനിലെത്തി; സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; അതീവജാഗ്രത പ്രഖ്യാപിച്ചു; മെകുനു ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഗോവ- മഹാരാഷ്ട്ര തീരത്തും ജാഗ്രതാനിര്‍ദേശം


കാലവര്‍ഷത്തിന് മുന്നോടിയായി ചൊവ്വാഴ്ച വരെ കേരളത്തില്‍ ശക്തമായ കാറ്റും മഴയുമുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ആന്‍ഡമാനിലെത്തി. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കേരളത്തില്‍ എത്തിച്ചേരും. കടല്‍ അങ്ങേയറ്റം പ്രക്ഷുബ്ദമായതിനാല്‍ മെയ് 30 വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റവന്യു വകുപ്പും ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.   ചിലയിടങ്ങളില്‍ 21 സെ.മി വരെ മഴയുണ്ടാകാനാണ് സാധ്യത എന്നാണ് മുന്നറിയിപ്പ്. ഉരുള്‍പ്പൊട്ടല്‍ സാധ്യത കണക്കിലെടുത്ത് മലമ്പാതകളിലുടെയുള്ള രാത്രി യാത്ര ഒഴിവാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഇപ്രകാരമാണ്. ശനിയാഴ്ച അതിശക്തമായ മഴ പെയ്യും. കടല്‍ത്തീരത്തും പുഴകളിലും വെള്ളക്കെട്ടുകളിലും ഇറങ്ങരുത്. മരങ്ങളുടെ ചുവട്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ കണ്‍ട്രോള്‍ റൂമുകള്‍ 29 വരെ 24 മണിക്കൂറും തുറക്കണം. കളക്ടറേറ്റ് മുതല്‍ താലൂക്കുതലം വരെയുള്ള ദുരന്തനിവാരണ ഉദ്യോഗസ്ഥര്‍ അതിജാഗ്രത പുലര്‍ത്തണം. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിക്കാനുദ്ദേശിക്കുന്ന കെട്ടിടങ്ങളുടെ ഒരു താക്കോല്‍ വില്ലേജ് ഓഫീസറോ തഹസില്‍ദാരോ കൈയില്‍ കരുതണം. ഉരുള്‍ പൊട്ടാനിടയുള്ളതിനാല്‍ മലയോര മേഖലയിലേക്ക് രാത്രിയാത്ര നിയന്ത്രിക്കും.   കേരളം, ലക്ഷദ്വീപ്, കന്യാകുമാരി, കര്‍ണാടക തീരങ്ങളിലൊന്നും ഈ ദിവസങ്ങളില്‍ മീന്‍പിടിത്തത്തിന് ഇറങ്ങരുതെന്നാണ് നിര്‍ദേശം. ഇവിടങ്ങളില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റു വീശാം. ഒമാന്‍ തീരത്തെത്തിയ മെകുനു ചുഴലിക്കാറ്റ് അതിശക്തമാണ്. അതിനാല്‍ ലക്ഷദ്വീപിന് പടിഞ്ഞാറുള്ള തെക്കുപടിഞ്ഞാറന്‍ അറബിക്കടലിലും മീന്‍പിടിത്തം ഒഴിവാക്കണം.   അതേസമയം മെകുനു ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഗോവ-മഹാരാഷ്ട്ര തീരങ്ങളില്‍ ജാഗ്രതാനിര്‍ദേശം നല്‍കി. അടുത്ത രണ്ടു ദിവസത്തേക്കാണ് ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇവിടെയും മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. അറബിക്കടലില്‍ വലിയ തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാലാണ് കടലില്‍ ഇറങ്ങരുതെന്ന നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.   വള്ളിയാഴ്ച ഉച്ചയോടെ മെകുനു കൊടുങ്കാറ്റ് ഒമാന്‍ തീരത്ത് കനത്ത നാശനഷ്ടം വരുത്തിയിരുന്നു. സലാല പോലുള്ള നഗരങ്ങള്‍ മെകുനുവിന്റെ കെടുതികള്‍ അനുഭവിക്കുകയാണ്.