2018, ജൂൺ 3, ഞായറാഴ്‌ച

കെഎസ്ആര്‍ഡിസിക്കും നിപ്പാ ‘ബാധ’ ; യാത്രക്കാരില്ലാതെ സര്‍വ്വീസുകള്‍ ഭീമമായ നഷ്ടത്തില്‍നിപ്പാ വൈറസ് ബാധയില്‍ സംസ്ഥാനം വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ ഭീമമായ നഷ്ടത്തില്‍ സര്‍വ്വീസ് നടത്തി കെഎസ്ആര്‍ഡിസിയും. കോഴിക്കോട് മേഖലയിലെ മിക്ക ഡിപ്പോകളിലും പ്രതിദിനവരുമാനത്തില്‍ ലക്ഷങ്ങളുടെ കുറവാണുള്ളത്. താമരശ്ശേരി, തൊട്ടില്‍പ്പാലം, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂര്‍ തുടങ്ങിയ ഡിപ്പോകളെ ഈ പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. വൈറസ് ഭീതിയില്‍ ആള്‍ക്കാര്‍ പുറത്തിറങ്ങാന്‍ വിസമ്മതിക്കുന്നതും യാത്രകള്‍ ഒഴിവാക്കാന്‍ തുടങ്ങിയതുമാണ് പുതിയ പ്രതിസന്ധിക്ക് പിന്നില്‍. സ്വകാര്യ ബസുകളുടെ കാര്യവും വ്യത്യസ്തമല്ല.  കോഴിക്കോട് ജില്ലയിലെ എല്ലാ ഡിപ്പോകളിലും കഴിഞ്ഞ ദിവസങ്ങളില്‍ വരുമാനം പകുതിയോളം കുറഞ്ഞു. മെയ് ഏഴിന് 1.30 കോടി വരുമാനം കിട്ടിയിരുന്നിടത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഒരു കോടിയില്‍ താഴെയാണ് വരുമാനം. താമരശ്ശേരി, തൊട്ടില്‍പ്പാലം ഡിപ്പോകളിലെ വരുമാനം ദിവസവും ഒന്നര ലക്ഷത്തോളം കുറവാണ്. കണ്ണൂരില്‍ ഒന്നരമുതല്‍ രണ്ടര ലക്ഷം വരേയും കുറവ് രേഖപ്പെടുത്തി. കാഞ്ഞങ്ങാട്, കാസര്‍കോട് ഡിപ്പോകളില്‍ മാത്രമാണ് വരുമാനം ഏറ്റക്കുറച്ചലില്ലാതെ പോകുന്നത്. കഴിഞ്ഞ മാസത്തിലെ റെക്കോഡ് വരുമാന നേട്ടം ഈ മാസവും തുടരാന്‍ കെഎസ്ആര്‍ഡിസിക്ക് നിപ്പാ ഭീതി വിലങ്ങു തടിയാകും. മെയ് മാസം 207.35 കോടി രൂപയായിരുന്നു കെഎസ്ആര്‍ഡിസിയുടെ വരവ്.

കോഴിക്കോട്ടേക്കുള്ള സ്വകാര്യബസ്സുകളിലും യാത്രക്കാര്‍ പതിവിലും കുറവാണ്. കോഴിക്കോട് മാത്രമോടുന്ന ബസ്സുകളില്‍ ചിലത് സര്‍വീസ് നിര്‍ത്തിവെച്ചു. യാത്രക്കാരുടെ എണ്ണത്തില്‍ 30 ശതമാനത്തോളം കുറവുള്ളതായി കണ്ണൂര്‍ ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പറഞ്ഞു. നിപ്പാ ജാഗ്രതയുടെ ഭാഗമായി കോഴിക്കോട് കേന്ദ്രീകരിച്ച് സര്‍വീസ് നടത്തുന്ന ബസ്സുകളിലെ ജീവനക്കാര്‍ക്ക് മാസ്‌ക് നല്‍കാന്‍ നിര്‍ദേശമുണ്ട്.