2018, ജൂൺ 30, ശനിയാഴ്‌ച

തോല്‍വിക്ക് പുറകെ അര്‍ജന്റീനയ്ക്ക് മറ്റൊരു തിരിച്ചടി: സൂപ്പര്‍ താരം വിരമിച്ചു


ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് മൂന്നിനെതിരേ നാല് ഗോളുകള്‍ക്ക് തോറ്റ് പുറത്തായ അര്‍ജന്റീനയ്ക്ക് മറ്റൊരു തിരിച്ചടി. ടീമിലെ ഏറ്റവും സീനിയര്‍ താരമായ ഹാവിയര്‍ മഷറാനോ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. സെന്‍ട്രല്‍ മിഡ്ഫീല്‍ഡില്‍ അര്‍ജന്റീനയ്ക്ക് പകരം വെക്കാനില്ലാത്ത താരമായ മഷറാനോ 34ാം വയസിലാണ് അന്താരാഷ്ട്ര കരിയറിന് തിരശീലയിടുന്നത്

2004ലും 2008ലും അര്‍ജന്റീനയ്ക്കായി ഒളിംപിക് സ്വര്‍ണമെഡല്‍ നേടിയ താരം ഈ സീസണില്‍ സ്പാനിഷ് ലീഗ് ചാംപ്യന്മാരായ ബാഴ്‌സലോണ വിട്ട് ചൈനീസ് സൂപ്പര്‍ ലീഗ് ക്ലബ്ബ് ഹബെയ്് ചൈന ഫോര്‍ച്ച്യൂണില്‍ ചേര്‍ന്നിരുന്നു. അര്‍ജന്റീനയ്ക്കായി 147 മത്സരങ്ങളില്‍ കളിച്ച മഷെറാനോയെ പ്രായം തളര്‍ത്തുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കിടയിലാണ് രാജി പ്രഖ്യാപനം.  അതേസമയം, ടീമില്‍ നിന്ന് കൂടുതല്‍ താരങ്ങള്‍ രാജിവെച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗോണ്‍സാലോ ഹിഗ്വെയ്ന്‍, എയ്ഞ്ചല്‍ ഡി മരിയ, സെര്‍ജിയോ അഗ്യൂറോ എന്നിവരും വിരമിക്കല്‍ പ്രഖ്യാപനം നടത്തിയേക്കുമെന്നുള്ള സൂചനകളുണ്ട്.