2018, ജൂലൈ 3, ചൊവ്വാഴ്ച

യാത്രയില്‍ മമ്മൂട്ടിയുടെ അച്ഛനായി വേഷമിടുന്നത് ‘ഡാഡിഗിരിജ’


ആന്ധ്രയുടെ ജനഹൃദയങ്ങളെ കീഴടക്കിയ വൈ എസ് ആറാകാനുള്ള ഒരുക്കത്തിലാണ് മമ്മൂട്ടി. ഇപ്പോഴിതാ വൈ എസ് രാജശേഖര റെഡ്ഡിയുടെ വേഷത്തില്‍ മമ്മൂട്ടിയെത്തുമ്പോള്‍ അദ്ദേഹത്തിന്റെ അച്ഛന്‍ വൈ എസ് രാജറെഡ്ഡിയായെത്തുന്നത് ഡാഡിഗിരിജയായി വേഷമിട്ട ജഗപതി ബാബുവാണ്. ചിത്രത്തിനായി സമീപിച്ചപ്പോള്‍ തന്നെ ജഗപതി ബാബു സമ്മതം മൂളുകയായിരുന്നു. രംഗസ്ഥലം എന്ന ചിത്രത്തില്‍ രാം ചരണ്‍ തേജയ്‌ക്കൊപ്പം ജഗപതി അവതരിപ്പിച്ച ഫണീന്ദ്ര ഭൂപതി എന്ന പ്രസിഡന്റിന്റെ വേഷം വലിയ കൈയ്യടിയാണ് നേടിയത്.  വൈഎസ് ആര്‍ നടത്തിയ ഒരു ഐതിഹാസിക യാത്രയുടെ കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്.   

 നിലവില്‍ ‘യാത്ര’യുടെ ചിത്രീകരണം ഹൈദരാബാദിന്റെ നഗരപ്രാന്തത്തില്‍ തുടരുകയാണ്. 30 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. നയന്‍താരയാണ് ചിത്രത്തില്‍ നായികയായി വേഷമിടുന്നത്. അടുത്തവര്‍ഷം ജനുവരിയില്‍ ചിത്രം തീയേറ്ററുകളിലെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് യാത്രയുടെ അണിയറപ്രവര്‍ത്തകര്‍. വിജയ് ചില്ലയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആന്ധ്രപ്രദേശിന്റെ മുന്‍ മുഖ്യമന്ത്രിയായിരുന്ന രാജശേഖര്‍ റെഡ്ഡിയുടെ ജീവിതമാണ് സിനിമയില്‍ ആവിഷ്‌കരിക്കുന്നത്. നാഗാര്‍ജ്ജുനയായിരുന്നു മമ്മൂട്ടി അല്ലാതുള്ള ഓപ്ഷന്‍. മാഹി രാഘവാണ് ചിത്രത്തിന്റെ സംവിധായകന്‍..     

2004 അസംബ്ലി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ച വൈഎസ്ആറിന്റെ 1475 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടായിരുന്ന പദയാത്രയെ അടിസ്ഥാനമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത് എന്നാണ് സൂചന. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി രണ്ടാം തവണ സേവനം അനുഷ്ഠിക്കുമ്പോള്‍ ഹെലികോപ്റ്റര്‍ തകര്‍ന്നാണ് വൈഎസ്ആര്‍ മരിക്കുന്നത്.