2018, ജൂലൈ 7, ശനിയാഴ്‌ച

ജിഎന്‍പിസിക്ക് കടിഞ്ഞാണിടാന്‍ എക്‌സൈസ്; അഡ്മിനും ഭാര്യയ്ക്കുമെതിരെ കേസെടുത്തു, ഇരുവരും ഒളിവില്‍


ഫെയ്സ്ബുക്കിലെ ഏറ്റവും വലിയ മലയാളി ഗ്രൂപ്പായ ജിഎന്‍പിസിക്ക് (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) കടിഞ്ഞാണിടാന്‍ എക്‌സൈസ്. ജിഎന്‍പിസി ഫെയ്‌സ്ബുക്കിന്റെ ഗ്രൂപ്പിന്റെ അഡ്മിന്‍ അജിത് കുമാര്‍, ഭാര്യ വിനീത എന്നിവര്‍ക്കെതിരെ എക്‌സൈസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇതോടെ ഇരുവരും ഒളിവില്‍ പോയിരിക്കുകയാണ്. 

നേരത്തെ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി എക്‌സൈസ് ജിഎന്‍പിസിക്കെതിരെ ഫെയ്‌സ്ബുക്കിനെ സമീപിച്ചിരുന്നു. ഈ ഗ്രൂപ്പില്‍ ഇരുപത് ലക്ഷത്തോളം പേര്‍ അംഗങ്ങളാണ്. ജിഎന്‍പിസിയില്‍ മദ്യപിക്കുന്ന ഫോട്ടോയും വീഡീയോയും പോസ്റ്റ് ചെയുന്നതിന് അഡ്മിന്‍ നിര്‍ദേശിച്ചിരുന്നതായി എക്‌സൈസ് പറയുന്നു. അതിനു ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് ബാറുകളില്‍ നിരക്കിളിവുണ്ടെന്നും എക്‌സൈസ് അറിയിച്ചു. ഇതേ തുടര്‍ന്ന് ഇവരോട് എക്‌സൈസ് വിശദീകരണം തേടിയിരുന്നു.

  അതേസമയം ജിഎന്‍പിസി അവകാശപ്പെടുന്നത് തങ്ങള്‍ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നാണ്. ഗ്രൂപ്പിന്റെ ലക്ഷ്യം ഉത്തരവാദിത്തമുള്ള മദ്യപാനം പിന്തുടരുന്നത് ശീലിപ്പിക്കുകയെന്നതാണെന്നും അവര്‍ പറയുന്നു. പക്ഷേ ഈ നിലപാട് മദ്യവിരുദ്ധ സംഘടനകള്‍ തള്ളിക്കളയുകയാണ്. ഈ ഫെയ്സ്ബുക്ക് ഗ്രൂപ്പിലൂടെ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ജിഎന്‍പിസിക്ക് മദ്യവ്യവസായികളുടെ പിന്തുണയും ലഭിക്കുന്നുണ്ടെന്നും മദ്യവിരുദ്ധ സംഘടനകള്‍ പറയുന്നു. ഇവര്‍ ജിഎന്‍പിസി ഫെയ്സ്ബുക്ക് ഗ്രൂപ്പിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്.  സര്‍ക്കാരും എക്സൈസും ലഹരിക്കെതിരെ ബോധവത്കരണം നടത്തുന്ന അവസരത്തില്‍ ഈ ഗ്രൂപ്പിലൂടെ മദ്യപിക്കേണ്ട രീതികള്‍, ഇതിന്റെ കൂടെ കഴിക്കേണ്ട ഭക്ഷണങ്ങള്‍, പുതിയ ബ്രാന്‍ഡുകള്‍ തുടങ്ങിയവ പ്രചരിക്കുന്നുണ്ട്. ഇതു മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതായി മദ്യവിരുദ്ധ സംഘടനകള്‍ അഭിപ്രായപ്പെടുന്നു. 

ഈ സ്‌ക്രീട്ട് ഗ്രൂപ്പില്‍ അംഗങ്ങള്‍ ഇടുന്ന പോസ്റ്റുകള്‍ അഡ്മിന്റെ അംഗീകാരം ലഭിച്ചാല്‍ മാത്രമേ പരസ്യമാകൂ. തിരുവനന്തപുരം സ്വദേശിയായ ബിസിനസുകാരന്‍ ടി.എന്‍. അജിത് കുമാറാണ് ഈ ഗ്രൂപ്പിന്റെ അഡ്മിന്‍. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള മലയാളികള്‍ ഇന്ന് ഈ ഗ്രൂപ്പിലെ സജീവ അംഗങ്ങളാണ്. അമേരിക്കയിലെയും യൂറോപ്പിലെയും വമ്പന്‍ മദ്യശാലകളില്‍ ഇരുന്നുള്ള ഒത്തുചേരലുകള്‍ മുതല്‍ കുടുസ്സുമുറികളില്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് നടത്തുന്ന സംഗമങ്ങള്‍ വരെ ഇവിടെ അംഗങ്ങള്‍ക്കായി പങ്കുവയ്ക്കപ്പെടുന്നുണ്ട്.  നിലവില്‍ കേരളത്തിലെ നൂറോളം ഹോട്ടലുകളും ബാറുകളും ജിഎന്‍പിസി അംഗങ്ങള്‍ക്ക് ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്. ഇത് സംബന്ധിച്ച് ഓഫറുകള്‍ ഗ്രൂപ്പില്‍ പ്രസിദ്ധീകരിക്കുന്നുമുണ്ട്.