2018, ഓഗസ്റ്റ് 16, വ്യാഴാഴ്‌ച

ചാലക്കുടി പുഴ നിറഞ്ഞതോടെ ഒറ്റപ്പെട്ട് ഡിവൈന്‍ ധ്യാനകേന്ദ്രം; അന്തേവാസികളും വൈദികരും വിശ്വാസികളും അടക്കം കുടങ്ങി കിടക്കുന്നത് 1500 പേര്‍


കത്തോലിക്കാ സഭയുടെ സന്ന്യാസി സമൂഹം നടത്തുന്ന ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ വൈദികരും ധ്യാനത്തിന് എത്തിയ വിശ്വാസികളും അന്തേവാസികളും അടക്കം 1500 പേര്‍ കുടുങ്ങി കിടക്കുന്നു. ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് പനയ്ക്കല്‍ ഇന്ന് രാവിലെ മുതല്‍ സഹായത്തിനായി അപേക്ഷിച്ച് കാത്തിരിക്കുകയാണെങ്കിലും സഹായം എത്തിയിട്ടില്ല. ചാലക്കുടി പുഴ നിറഞ്ഞ് കവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്നാണ് ഡിവൈന്‍ ധ്യാനകേന്ദ്രം ഒറ്റപ്പെട്ടത്. ഇവിടെ അന്തേവാസികള്‍ ഉള്‍പ്പെടെ ഉള്ളവര്‍ ഭക്ഷണം കിട്ടാതെ വലയുകയാണെന്ന് ഫാ. ജോര്‍ജ്ജ് പനയ്ക്കല്‍ ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ അറിയിച്ചു.
ഇന്ന് പുലര്‍ച്ചെ മുതലാണ് ചാലക്കുടി പുഴയില്‍ വെള്ളം കയറി തുടങ്ങിയത്. കേരള തമിഴ്‌നാട് അതിര്‍ത്തിയിലുള്ള ഷോളയാര്‍ ഡാം തമിഴ്‌നാട് തുറന്ന് വിട്ടതോടെയാണ് ചാലക്കുടി പുഴയില്‍ ക്രമാതീതമായി വെള്ളം ഉയര്‍ന്നത്. പറമ്പിക്കുളം ആളിയാര്‍ പദ്ധതിയുടെ അധിക വെള്ളം തുറന്ന് വിട്ടതും ചാലക്കുടി പുഴയില്‍ വെള്ളം വര്‍ദ്ധിപ്പിച്ചു.