2018, ഓഗസ്റ്റ് 16, വ്യാഴാഴ്‌ച

പാറപ്പുറത്ത് കുടുങ്ങിയ 200 പേരെ നാവികസേന രക്ഷിച്ചു; മഴ വീണ്ടും ശക്തമാകുമെന്ന് മുന്നറിയിപ്പ്; അതീവ ജാഗ്രതാ നിര്‍ദ്ദേശം


കനത്ത മഴയെ തുടര്‍ന്ന് പെരുമ്പാവൂര്‍ പാറപ്പുറത്ത് കുടുങ്ങിയ 200 പേരെ നാവികസേന രക്ഷിച്ചു. ലോവര്‍ പെരിയാര്‍ കരിമണല്‍ പവര്‍ഹൗസില്‍ മണ്ണിടിഞ്ഞു വീണതിനെ തുടര്‍ന്ന് പവര്‍ ഹൗസ് അടച്ചു.
കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താന്‍ സൈന്യം രംഗത്തിറങ്ങി. ഇവര്‍ക്കുപുറമെ ദേശീയ ദുരന്തപ്രതികരണ സേന, നാവിക സേനയുമെത്തും. ഇരുട്ടും കനത്ത മലവെള്ളപ്പാച്ചിലും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നുണ്ടെന്നാണ് വിവരം. പാങ്ങോട് മിലിട്ടറി ക്യാമ്പില്‍നിന്നുള്ള 30 അംഗ സേനയാണ് പത്തനംതിട്ടയിലേക്ക് എത്തുന്നത്. അതേസമയം പമ്പയുടെ തീരത്ത് കരസേനയും തിരുവല്ല, റാന്നി, കോഴഞ്ചേരി താലൂക്കുകളില്‍ നാവികസേനയും രക്ഷാപ്രവര്‍ത്തനം നടത്തും. ഇവര്‍ക്കൊപ്പം എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്സ്, പോലീസ് സേനകളുമുണ്ട്.
ഫയര്‍ ഫോഴ്സ് കണ്‍ട്രോള്‍ റൂം തുറന്നു. പത്തനംതിട്ടയിലും ചെങ്ങന്നൂരിലുമാണ് കണ്‍ട്രോള്‍ റൂം. പത്തംതിട്ടയില്‍ 0468 2225001, 0468 2222001 എന്ന നമ്പറുകളില്‍ ബന്ധപ്പെടാം. ചെങ്ങന്നൂരില്‍ 0479 2456094 എന്ന നമ്പറിലും ബന്ധപ്പെടാം. പത്തനംതിട്ടില്‍ വെള്ളം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡാമുകളുടെ ഷട്ടര്‍ താഴ്ത്തിത്തുടങ്ങി. പമ്പ ഡാമിന്റെ ഷട്ടര്‍ 60 സെന്റി മീറ്റര്‍ താഴ്ത്തി. മൂഴിക്കല്‍ ഡാമിന്റെ ഷട്ടര്‍ രണ്ട് മീറ്ററില്‍ നിന്ന് ഒന്നാക്കി താഴ്ത്തി.
അതേസമയം, കേരളത്തില്‍ കനത്ത മഴയോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകള്‍ക്കാണ് മുന്നറിയിപ്പുള്ളത്