2018, ഓഗസ്റ്റ് 8, ബുധനാഴ്‌ച

സംസ്ഥാനത്ത് വീണ്ടും കനത്ത മഴ; മലയോര മേഖലകളില്‍ ഉരുള്‍ പൊട്ടല്‍; ഇടുക്കിയില്‍ ജലനിരപ്പ് 2396.86


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡീഷ തീരത്തോടു ചേര്‍ന്ന് രൂപംകൊണ്ട ന്യൂനമര്‍ദമാണ് കനത്ത മഴയ്ക്ക് കാരണം. വ്യാഴാഴ്ച വരെ വെയിലും മഴയും കൂടിക്കലര്‍ന്നുള്ള കാലാവസ്ഥയായിരിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, ഇടുക്കി, കോട്ടയം, തിരുവനന്തപുരം, വയനാട് ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. വയനാട് ജില്ലയില്‍ കഴിഞ്ഞ 12 മണിക്കൂറായി നിലയ്ക്കാത്ത മഴയാണ്. 

മഴ ശക്തിപ്പെട്ടതിനെ തുടര്‍ന്ന് കണ്ണൂരില്‍ അഞ്ചിടങ്ങളില്‍ ഉരുള്‍ പൊട്ടി വന്‍ നാശനഷ്ടം. പയ്യാവൂര്‍ ഷിമോഗ കോളനി, ആടാംപാറ, മുടിക്കയംമല, പേരട്ട ഉപദേശികുന്ന്, ആറളം വനം എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്. മൂന്നു കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. 30 കുടുംബങ്ങള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് കണ്ണൂര്‍ ശ്രീകണ്ഠപുരം മേഖലയില്‍ കനത്ത വെള്ളപ്പൊക്കമുണ്ടായി. 

വയനാട്ടില്‍ റോഡിലേക്ക് മണ്ണിടിഞ്ഞു വീണ് ദേശീയപാതയില്‍ ഒരുമണിക്കൂറോളം നേരം വാഹന ഗതാഗതം തടസ്സപ്പെട്ടു. തളിപ്പുഴക്കടുത്ത ഒരു റിസോര്‍ട്ടിനോട് ചേര്‍ന്ന സ്ഥലമാണ് ഇടിഞ്ഞു റോഡിലേക്ക് പതിച്ചത്. മഴ തുടരുന്നതിനാല്‍ ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. ജില്ലയിലെ മുഴുവന്‍ ക്വാറികളുടെയും പ്രവര്‍ത്തനം ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവയ്ക്കണമെന്നു കളക്ടറുടെ നിര്‍ദേശം. കനത്ത മഴയെത്തുടര്‍ന്ന് ഇന്ന് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്.  മഴ വീണ്ടും ശക്തമായതും നീരൊഴുക്ക് കൂടുകയും ചെയ്തതോടെ ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് വീണ്ടും ഉയരാന്‍ തുടങ്ങി. രാവിലെ 11ന് എടുത്ത റീഡിങില്‍ 2396.86 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഇന്നലെ 128 മില്ലിമീറ്റര്‍ മഴ ലഭിച്ചു. ജലനിരപ്പ് 2398 അടിയിലെത്തിയാല്‍ ട്രയല്‍ റണ്‍ നടത്താനാണു സര്‍ക്കാരിന്റെ തീരുമാനം.

ഇടമലയാര്‍ അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയിലേക്ക് എത്തുന്നു. രാവിലെ 11ന് എടുത്ത റീഡിങ്ങില്‍ ജലനിരപ്പ് 168.21 മീറ്ററായി. 169 മീറ്ററാണ് പരമാവധി ശേഷി. ഇതോടെ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നേക്കും.  കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ പടിഞ്ഞാറു ദിശയിൽനിന്നു മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വേഗത്തിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വേഗത്തിലും കാറ്റടിക്കാൻ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികൾ അറബിക്കടലിന്റെ മധ്യ ഭാഗത്തും തെക്ക് പടിഞ്ഞാറ് ഭാഗത്തും മത്സ്യബന്ധനത്തിനു പോകരുതെന്ന് മുന്നറിയിപ്പുണ്ട്.