2018, ഓഗസ്റ്റ് 16, വ്യാഴാഴ്‌ച

സംസ്ഥാനത്തെ 4000 ട്രാന്‍സ്ഫോര്‍മറുകള്‍ ഓഫ് ചെയ്‌തെന്ന് കെഎസ്ഇബി; 1912 എന്ന ടോള്‍ ഫ്രീ നമ്പറില്‍ അപകടങ്ങള്‍ അറിയിക്കാംപ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്താകെ 4000 ത്തോളം വിതരണ ട്രാന്‍സ്ഫോര്‍മറുകള്‍ ഓഫ് ചെയ്ത് വെച്ചിരിക്കയാണെന്ന് കെഎസ്ഇബി. ഏറ്റവും കൂടുതല്‍ ഓഫ് ചെയ്തിരിക്കുന്നത് പത്തനംതിട്ടയിലാണ്. 1400 ഓളം ട്രാന്‍സ്ഫോര്‍മറുകളാണ് ജില്ലയില്‍ ഓഫ് ചെയ്തിരിക്കുന്നത്.
ഇതില്‍ നൂറോളം എണ്ണം വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലുമാണ്. എറണാകുളത്ത് കലൂര്‍ 110 കെ.വി, കുറുമാശ്ശേരി , കൂവപ്പടി 33 കെ.വി , തൃശുരില്‍പരിയാരം. അന്നമ്മ നട, പാലക്കാട് ശ്രീകൃഷ്ണ പുരം, വയനാട്ടില്‍ കല്പറ്റ 110 എന്നിങ്ങനെ 7 സബ് സ്റ്റേഷനും ആഢ്യന്‍പാറ – മലപ്പുറം, മാടുപ്പെട്ടി – ഇടുക്കി, റാന്നി പെരുനാട് – പത്തനംതിട്ട എന്നീ ജലവൈദ്യതി നിലയങ്ങളും വെള്ളം കയറി ഉല്പാദനം നിര്‍ത്തിയ അവസ്ഥയിലാണ്,എല്ലാം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ പരിശ്രമത്തിലാണ് ജീവനക്കാര്‍.


ദിവസങ്ങളായി തുടരുന്ന പേമാരിയിലും ഉരുള്‍ പൊട്ടലിലും സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ വൈദ്യുതി വിതരണ സംവിധാനം തകരാറിലായിട്ടുണ്ട്. വെള്ളപ്പൊക്കമുണ്ടായ ഇടങ്ങളില്‍ അപകടം ഒഴിവാക്കാനായി നിരവധി ട്രാന്‍സ്‌ഫോര്‍മറുകള്‍ ഓഫ് ചെയ്ത് വെച്ചിരിക്കുകയാണ്. മറിഞ്ഞു വീണ പോസ്റ്റുകളും ലൈനുകളും നേരെയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
അവധി ദിവസമെന്നത് കണക്കാക്കാതെ എല്ലാ ജിവനക്കാരോടും വൈദ്യുതി നില പുനസ്ഥാപിക്കുന്നതിനുള്ള ജോലികളില്‍ പങ്കെടുക്കണമെന്നും ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍മാരടക്കമുള്ള ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തന പുരോഗതി വിലയിരുത്തണമെന്നും വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണിയും കെ.എസ്.ഇ.ബി സി.എം.ഡി എന്‍.എസ് പിള്ള ഐ.എ.&എ.എസും നിര്‍ദ്ദേശം നല്‍കി. വെള്ളപ്പൊക്കം മൂലം പരിയാരം, അന്നമ്മ നട, കല്ലറ്റ, ശ്രീകൃഷ്ണപുരം, കുറുമാശ്ശേരി , കൂവപ്പടി എന്നീ ആറ് 33 കെ വി സബ് സ്റ്റേഷനുകളും ആഢ്യന്‍പാറ, റാന്നി പെരുനാട്, മാട്ടുപ്പെട്ടി എന്നീ മൂന്ന് ജലവൈദ്യുത നിലയങ്ങളും അടച്ചിട്ടിരിക്കുകയാണ്. മഴക്കാലങ്ങളില്‍ പോസ്റ്റുകള്‍ ഒടിഞ്ഞും മരം വീണും ലൈനുകള്‍ പൊട്ടി വീഴാന്‍ സാധ്യതയുള്ളതിനാല്‍ അത്തരം സന്ദര്‍ഭങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ സുരക്ഷിത അകലം പാലിച്ച് അപകടമൊഴിവാക്കണമെന്നും ആ വിവരം എത്രയും പെട്ടെന്ന് അടുത്തുള്ള സെക്ഷന്‍ ഓഫീസിലോ 1912 എന്ന ടോള്‍ ഫ്രീ നമ്പരിലോ വിളിച്ചറിയിക്കാവുന്നതാണെന്ന് കെഎസ്ഇബി അറിയിച്ചു.