2018, ഓഗസ്റ്റ് 27, തിങ്കളാഴ്‌ച

അര്‍ണബ് ഗോസ്വാമിക്കും റിപ്പബ്ലിക്കിനും മാതൃക തീര്‍ത്ത് എന്‍ഡിടിവി; കേരളത്തിന് ഒരു കൈ സഹായത്തിനായി സ്‌പെഷ്യല്‍ ബുള്ളറ്റിന്‍; 6 മണിക്കൂര്‍ കൊണ്ട് സമാഹരിച്ചത് 10 കോടിയിലധികം രൂപ


മഹാ പ്രളയത്തെ അതിജീവിച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന കേരളത്തിനെതിരേ വിവിധ കോണുകളില്‍ നിന്ന് പരിഹാസവും വിമര്‍ശനവും നേരിട്ടുകൊണ്ടിരിക്കുന്നതിനിടയില്‍ വാര്‍ത്താ മാധ്യമ രംഗത്ത് ഉത്തമ മാതൃകയായി എന്‍ഡിടിവി. ഇന്ത്യ ഫോര്‍ കേരള എന്ന ഹാഷ് ടാഗില്‍ നടത്തിയ പ്രത്യേക ലൈവ് ബുള്ളറ്റിനിലൂടെ കേരളത്തിലെ ദുരിതാശ്വാസത്തിനായി ചാനല്‍ സ്വരൂപിച്ചത് പത്ത് കോടിയിലധികം രൂപ.

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, മുഖ്യമന്ത്രി പിണറായി വിജയന്‍, അഭിഷേക് ബച്ചന്‍ എന്നിങ്ങനെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തിയാണ് ചാനല്‍ പരിപാടി സംപ്രേഷണം ചെയ്തത്. വൈകുന്നേരം മൂന്ന് മുതല്‍ ആരംഭിച്ച പരിപാടി ഒന്‍പതിന് അവസാനിപ്പിക്കുമ്പോള്‍ 10.2 കോടി രൂപയാണ് ചാനല്‍ സമാഹരിച്ചത്. ചാനല്‍ കണ്ടുകൊണ്ടിരുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് സംഭാവനകള്‍ നല്‍കിയത്. ചാനല്‍ ചര്‍ച്ചയ്ക്കിടെ ‘നാണംകെട്ട ആളുകളുടെ സംഘം’ എന്ന് മലയാളികളെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയ റിപ്പബ്ലിക് ടിവിയുടെ എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഉത്തമ മാതൃകയാണ് എന്‍ഡിടിവി ഇതിലൂടെ കാണിച്ചത്.

ഞങ്ങള്‍ എന്നും കടപ്പെട്ടിരിക്കുമെന്ന് പറഞ്ഞ് നിരവധിപേരാണ് എന്‍ഡിടിവിയുടെ ഉദ്യമത്തിന് നന്ദിയറിയിക്കുന്നത്. കേരളത്തിനുള്ള യുഎഇ സഹായം ഒരു കളവാണെന്നും 700 കോടി രൂപയുടെ ധനസഹായം എന്നത് 2018ലെ ഏറ്റവും വലിയ വ്യാജ വാര്‍ത്തയാണെന്നുമാണ് റിപ്പബ്‌ളിക് ടിവി ചര്‍ച്ചയ്ക്കിടെ അര്‍ണബ് പറഞ്ഞത്. ഞാന്‍ കണ്ടിട്ടുള്ളതിലും വെച്ച് ഏറ്റവും നാണംകെട്ട ആളുകളുടെ സംഘം എന്ന് ഗോസ്വാമി മലയാളികളെ കുറിച്ച് പ്രസ്താവന നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ചാനലിനെതിരേയും അര്‍ണബിനെതിരേയും വ്യാപക വിമര്‍ശനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.

അര്‍ണബിനെ ന്യായീകരിച്ച് ചാനല്‍ ഉടമയും ബിജെപി എംപിയുമായ രാജീവ് ചന്ദ്രശേഖര്‍ രംഗത്ത് വന്നിരുന്നു. 20,000 കോടിയിലേറെ നഷ്ടം കണക്കാക്കിയിരിക്കുന്ന പ്രളയത്തില്‍ പതിനായിരം കിലോമീറ്ററുകളിലേറെ റോഡുകള്‍ തകര്‍ന്നിരിക്കുകയാണ്. കേരളം ഒരു പുനര്‍നിര്‍മ്മാണത്തിനൊരുങ്ങുന്ന സാഹചര്യത്തിലാണ് എന്‍ഡിടിവി ധനശേഖരണാര്‍ത്ഥം ടെലിത്തോണ്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് ചാനലിന്റെ ഔദ്യോഗിക പ്രസ്താവന.