2018, ഓഗസ്റ്റ് 14, ചൊവ്വാഴ്ച

സ്പെയിനിന്റെ സുവർണ തലമുറ ഓർമയാകുന്നു, ഇനിയേസ്റ്റക്കും പിക്വക്കും പിന്നാലെ സിൽവയും വിരമിച്ചുറഷ്യൻ ലോകകപ്പിനു ശേഷം സ്പെയിൻ ദേശീയ ടീമിൽ നിന്നും വിരമിച്ചവരുടെ കൂട്ടത്തിലേക്ക് മറ്റൊരു താരം കൂടി. മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിര താരം ഡേവിഡ് സിൽവയാണ് സ്പെയിൻ ദേശീയ ടീമിനു വേണ്ടി ഇനി ബൂട്ടണിയുന്നില്ലെന്ന പ്രഖ്യാപനം നടത്തിയത്. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് താരം തന്റെ വിരമിക്കൽ തീരുമാനം അറിയിച്ചത്. പന്ത്രണ്ടു വർഷത്തോളമായി സ്പെയിനിന്റെ മധ്യനിരയിലെ സജീവ സാന്നിദ്ധ്യമായിരുന്നു ഡേവിഡ് സിൽവ. ലോകകപ്പിനു ശേഷം ആന്ദ്രേ ഇനിയേസ്റ്റ, ജെറാർഡ് പിക്വ എന്നിവർ വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സിൽവയും ദേശീയ ടീം വിടാനൊരുങ്ങുന്നത്. ഇതോടെ 2010 ലോകകപ്പ് നേടിയ താരങ്ങളിൽ റാമോസ്, ബുസ്ക്വസ്റ്റ്സ്, ഫാബ്രിഗസ്, പെഡ്രോ എന്നിവർ മാത്രമാണ് ടീമിനൊപ്പം തുടരുന്നത്.

തന്റെ ജീവിതത്തിലെ തന്നെ ഏറ്റവും കടുത്ത തീരുമാനമാണ് ദേശീയ ടീമിൽ നിന്നും വിരമിക്കുകയെന്നതെന്നും ഏറെ നാളത്തെ ആലോചനക്കു ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും സിൽവ പറഞ്ഞു. ടീമിനൊപ്പം സ്വന്തമാക്കിയ നേട്ടങ്ങളിൽ അഭിമാനമുണ്ടെന്നും തന്റെ കൂടെ നിന്ന സഹതാരങ്ങൾക്കും പരിശീലകർക്കും ആരാധകർക്കുമെല്ലാം നന്ദി അറിയിക്കുന്നതായും സിൽവ ട്വിറ്ററിൽ കുറിച്ചു. ഇളയ മകന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നതു കൂടിയാണ് താരത്തെ ദേശീയ ടീമിൽ നിന്നും വിരമിക്കാൻ പ്രേരിപ്പിച്ച പ്രധാന കാരണം. ആഴ്ചകൾക്കു മുൻപു തന്നെ മകന്റെ ആരോഗ്യനിലയിലുള്ള ഉത്കണ്ഠ മൂലം സ്പെയിൻ ടീമിൽ നിന്നും വിരമിക്കാൻ സാധ്യതയുണ്ടെന്ന് സിൽവ സൂചനകൾ നൽകിയിരുന്നു. മുപ്പത്തിരണ്ടു വയസു മാത്രം പ്രായമുള്ളപ്പോഴാണ് ലോകത്തിലെ തന്നെ ഏറ്റവും മികച്ച മധ്യനിര താരങ്ങളിലൊരാളായ സിൽവ ദേശീയ ടീമിൽ നിന്നും വിരമിക്കുന്നത്. സ്പെയിനു വേണ്ടി 125 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ താരം മുപ്പത്തിയഞ്ചു ഗോളുകൾ ദേശീയ ടീമിനൊപ്പം നേടിയിട്ടുണ്ട്. 2008, 2012 വർഷങ്ങളിലെ യൂറോ കിരീടം നേടിയ സ്പെയിൻ ടീമിലുണ്ടായിരുന്ന സിൽവ 2010ലെ ലോകകപ്പും ടീമിനൊപ്പം നേടിയിട്ടുണ്ട്. റഷ്യൻ ലോകകപ്പിൽ സ്പെയിൻ പ്രീ ക്വാർട്ടറിൽ ആതിഥേയരായ റഷ്യയോട് തോറ്റ് പുറത്താവുകയായിരുന്നു.