2018, ഓഗസ്റ്റ് 16, വ്യാഴാഴ്‌ച

ആലുവ റെയില്‍വേ പാലത്തില്‍ വെള്ളം കയറി; ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു


ആലുവായിലെ റെയില്‍വേ പാലത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് എറണാകുളം തൃശൂര്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു. ഇന്നു രാത്രി ഒരു മണിയോടെയാണ് പാലത്തില്‍ വെള്ളം കയറിയത്. പെരിയാര്‍ ഇരുകരകളിലും വന്‍ നാശനഷ്ടമുണ്ടാക്കിയാണ് കരകവിഞ്ഞ് ഒഴുകുന്നത്. പാലത്തില്‍ നിന്നും വെള്ളം ഇറങ്ങിയാല്‍ മാത്രമെ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കൂവെന്ന് റെയില്‍വേ അറിയിച്ചു.
സംസ്ഥാനത്ത് മഴയും വെള്ളപ്പൊക്കവും രൂക്ഷമായതിനാല്‍ അഞ്ചു പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. നാഗര്‍കോവില്‍-കൊച്ചുവേളി, കൊല്ലം-പുനലൂര്‍, കൊല്ലം-ചെങ്കോട്ട, ഇടമണ്‍ പാസഞ്ചര്‍ ട്രെയിനുകളാണ് റദ്ദാക്കിയത്. തിരുവനന്തപുരം-തൃശൂര്‍ സെക്ഷനില്‍ പാളത്തില്‍ വെള്ളം കയറിയതിനാല്‍ ട്രെയിനുകള്‍ വൈകിയോടുകയാണ്. ഐലന്‍ഡ് എക്‌സ്പ്രസ്, ജയന്തി ജനത, ഏറനാട് എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകള്‍ വൈകും.
ട്രാക്കില്‍ വെള്ളം കയറിയതിനാല്‍ പല ട്രെയിനുകളും വേഗത കുറച്ചാണ് ഓടുന്നത്. രണ്ട് ദിവസത്തേക്ക് കൊല്ലം-ചെങ്കോട്ട പാതയില്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു. ഇരണിയാല്‍ കുഴിത്തുറ ഭാഗത്ത് റെയില്‍ പാളത്തില്‍ മണ്ണിടിഞ്ഞു വീണു. തിരുവനന്തപുരം-നാഗര്‍കോവില്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം നിയന്ത്രിച്ചു.