2018, ഓഗസ്റ്റ് 17, വെള്ളിയാഴ്‌ച

നാടൊരുമിച്ചു, രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം; ആലുവയില്‍ നിന്നും നൂറുകണക്കിനാളുകളെ സുരക്ഷാകേന്ദ്രത്തിലേക്ക് മാറ്റി; ‘ പരിഭ്രാന്തരാകേണ്ട നാം മറികടക്കും’


പ്രളയബാധിതരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി. മഴ മാറി നിന്നതോടെ രക്ഷാപ്രവര്‍ത്തനത്തിന് വേഗതകൂടി. ആലുവയില്‍ നിന്നും നൂറുകണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റ്. മഴ കുറഞ്ഞത് പത്തനംതിട്ടയിലും രക്ഷാപ്രവര്‍ത്തനത്തിന് സഹായകമായി. കൂടുതല്‍ ഹെലികോപ്റ്ററുകള്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങും. 23 ഹെലികോപ്റ്ററുകളും,ചാലക്കുടിയില്‍ 100 ബോട്ടുകളും രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.
പ്രളയക്കെടുതിയില്‍ വിവിധ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കുന്നതിനുള്ള സമഗ്ര രക്ഷാപ്രവര്‍ത്തനം പുലര്‍ച്ചെ മുതലാണ് ആരംഭിച്ചത്. കര നാവിക വ്യോമസേനകള്‍, ദേശീയ ദുരന്തനിവാരണ സേന, പൊലീസ്, ഫയര്‍ഫോഴ്‌സ് എന്നിവയാണ് വിവിധ സ്ഥലങ്ങളില്‍ സര്‍വ സന്നാഹങ്ങളോടും കൂടി രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മത്സ്യബന്ധന ബോട്ടുകള്‍ കൂടി എത്തിച്ച് രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബോട്ടുകള്‍ ഓരോ കേന്ദ്രങ്ങളിലേക്കും എത്തിത്തുടങ്ങിയിട്ടുണ്ട്. ഏറെപ്പേര്‍ കുടുങ്ങിക്കിക്കുന്ന പത്തനംതിട്ടയിലെ രക്ഷാപ്രവര്‍ത്തനത്തിനായി മിലിട്ടറി ഇ.ടി.എഫിന്റെ ഒരു സംഘം തിരുവല്ലയില്‍ എത്തിയിട്ടുണ്ട്. തോണികളില്‍ രക്ഷപ്പെടുത്തുന്നവരെ താമസിപ്പിക്കാന്‍ അങ്കമാലിയിലും വ്യോമമാര്‍ഗം രക്ഷപ്പെടുത്തുന്നവരെ താമസിപ്പിക്കാന്‍ നേവല്‍ ബേസിന് സമീപത്തും ക്യാമ്പുകള്‍ തുറന്നു.