2018, ഓഗസ്റ്റ് 19, ഞായറാഴ്‌ച

ചെറുതോണി ഡാമിന്റെ രണ്ടു ഷട്ടറുകള്‍ അടച്ചു, ആലുവയില്‍ വെള്ളം ഇറങ്ങുന്നു


പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് മഴ കുറയുന്നത് ആശ്വാസമാകുന്നു. ജലനിരപ്പ് താഴുന്ന സാഹചര്യത്തില്‍ ഇടുക്കി ചെറുതോണി ഡാമിന്റെ രണ്ടു ഷട്ടറുകള്‍ അടച്ചു. ഒന്നും അഞ്ചും ഷട്ടറുകളാണ് അടച്ചത്. ഇതോടെ പെരിയാറിലെ ജലനിരപ്പ് താഴുന്നുണ്ട്. ആലുവയില്‍ വെള്ളം ഇറങ്ങിതുടങ്ങി. മഴ കുറയുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ ദ്രുതഗതിയില്‍ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്

നേരത്തെ മൂന്നു ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന അതീവ ജാഗ്രതാ നിര്‍ദേശം (റെഡ് അലര്‍ട്ട്) പിന്‍വലിച്ചിരുന്നു. എറണാകുളം, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ടാണ് പിന്‍വലിച്ചത്. ഇന്ന് സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലവാസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പത്തനംതിട്ട,ആലപ്പുഴ, കോട്ടയം,എറണാകുളം, ഇടുക്കി,തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് തീവത്ര കുറഞ്ഞ മഴയായിരിക്കും. വരും ദിവസങ്ങളില്‍ മഴ കുറയുന്നതിനാണ് സാധ്യതയെന്നും കാലവാസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി

മഴ കുറഞ്ഞതോടെ പല പ്രദേശങ്ങളിലും വെള്ളം ഇറങ്ങിതുടങ്ങി. നിലവില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രവൃത്തി ദിനമാണ്.