2018, ഓഗസ്റ്റ് 21, ചൊവ്വാഴ്ച

കേരളത്തിന് വിദേശസഹായത്തിന്റെ ആവശ്യമില്ലെന്ന് കേന്ദ്രം


പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തിന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശ സഹായങ്ങള്‍ ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. നൂറ്റാണ്ടിലെ പ്രളയം വിതച്ച മാരകമായ വിപത്തില്‍ സംസ്ഥാനത്തെ സഹായിക്കാന്‍ ഐക്യരാഷ്ട്ര സംഘടനയും ജപ്പാന്‍ അടക്കമുള്ള രാജ്യങ്ങളും സന്നദ്ധത അറിയിച്ചിരുന്നു.  കേരളത്തിലെ പ്രളയക്കെടുതി നേരിടാന്‍ സഹായിക്കാന്‍ തയ്യാറാണെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചിരുന്നു. ഇന്ത്യ ആവശ്യപ്പെടുന്ന സഹായങ്ങള്‍ ചെയ്യാമെന്നാണ് യു.എന്‍ അറിയിച്ചത്. ഇതിനു പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചത്. രാജ്യത്തിന് തന്നെ സ്ഥിതി നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്്.

ഐക്യരാഷ്ട്രസഭ, ജപ്പാന്‍ തുടങ്ങിയ സ്ഥലത്തു നിന്നുമുള്ള സഹായങ്ങള്‍ തല്‍ക്കാലം വേണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. കേരളം അതില്‍ തൃപ്തരാണെന്നും അതിനാല്‍ വിദേശ ഏജന്‍സികളുടെ സഹായം ആവശ്യമില്ലെന്നുമാണ് കേന്ദ്ര നിലപാടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കേരളത്തിലെ പ്രളയക്കെടുതിയില്‍ 20000 കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നാണ് പ്രാഥമിക കണക്ക്. യഥാര്‍ത്ഥ കണക്കുകള്‍ ശരിയായി തിട്ടപ്പെടുത്തുമ്പോള്‍ നഷ്ടം ഇനിയും അധികരിക്കുമെന്നാണ് നിഗമനം. ഇത്രയും കനത്ത നഷ്ടമുണ്ടായിട്ടും വിദേശത്തു നിന്നും സ്വദേശത്തു നിന്നും സഹായമൊഴുകിയിട്ടും കേന്ദ്രസര്‍ക്കാര്‍ സഹായം 500 കോടിയില്‍ ഒതുക്കിയിരിക്കുകയാണ്.

ഇത് കടുത്ത വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് പതിനായിരത്തിലധികം വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.ദേശീയ പാതകളടക്കം നൂറു കണക്കിന് റോഡുകളാണ് തകര്‍ന്നത്.നിരവധി പാലങ്ങളും പുനര്‍നിര്‍മ്മിക്കേണ്ട സ്ഥിതിയാണ്. പത്ത് ലക്ഷത്തോളം പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലാണ്.