2018, ഓഗസ്റ്റ് 6, തിങ്കളാഴ്‌ച

ദേശീയ വാഹന പണിമുടക്ക്: എം.ജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍ എല്ലാ പരീക്ഷകളും മാറ്റി


ദേശീയ വാഹന പണിമുടക്കു മൂലം എം.ജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍ നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതികള്‍ പിന്നീടു പ്രസിദ്ധീകരിക്കുമെന്ന് യൂണിവേഴ്‌സിറ്റികള്‍ അറിയിച്ചു. 

മോട്ടോര്‍ വാഹനനിയമ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊഴിലാളി യൂണിയനുകള്‍ നടത്തുന്ന ദേശീയ പണിമുടക്കില്‍ കെഎസ്ആര്‍ടിസിയും പങ്കെടുക്കുമെന്ന് അറിയിച്ചതോടെയാണ് സര്‍വകലാശാലകള്‍ പരീക്ഷകള്‍ മാറ്റിവെച്ചത്. 

പണിമുടക്ക് ഒഴിവാക്കാന്‍ കെഎസ്ആര്‍ടിസി യൂണിയനുകളുമായി സിഎംഡി ടോമിന്‍ ജെ തച്ചങ്കരി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ 24 മണിക്കൂറാണ് പണിമുടക്ക്. ദേശവ്യാപകമായ പണിമുടക്കില്‍ സ്വകാര്യ ബസുകള്‍, സ്‌കൂള്‍ ബസുകള്‍, ചരക്കുവാഹനങ്ങള്‍, ഓട്ടോ, ടാക്സി, ചെറുവാഹനങ്ങള്‍ എന്നിവ പങ്കെടുക്കുമെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു.