2018, ഓഗസ്റ്റ് 30, വ്യാഴാഴ്‌ച

ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളുമായി പൃഥ്വിരാജിന്റെ രണം ; ട്രെയിലര്‍ റിലീസ് ചെയ്ത് മോഹന്‍ലാല്‍


മലയാള സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രണം. നവാഗതനായ നിര്‍മ്മല്‍ സഹദേവ് എഴുതി സംവിധാനം ചെയ്ത ഈ പൃഥ്വിരാജ് ചിത്രത്തിന്റെ ട്രെയിലര്‍ മോഹന്‍ലാല്‍ റിലീസ് ചെയ്തു. മികച്ച ക്രൈം ആക്ഷന്‍ ഡ്രാമയാണ് ഈ ചിത്രമെന്ന എല്ലാ സൂചനയും ട്രെയിലര്‍ നല്‍കുന്നുണ്ട്. ആക്ഷന്‍ രംഗങ്ങളും മാസ്സ് സീനുകലും ട്രെയിലറിലുടനീളം കാണാം. ജിഗ്മെ ടെന്‍സിങാണ് ഈ ചിത്രത്തിനായി ദൃശ്യങ്ങളൊരുക്കിയത്.
ഇഷ തല്‍വാറാണ് രണത്തിലെ നായിക. റഹ്മാനും അശ്വിന്‍ കുമാറും ഒപ്പം വിദേശ നടീ നടന്‍മാരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
ശ്യാമപ്രസാദ് സംവിധാനം ചെയ്ത് നിവിന്‍പോളി നായകനായ ഹേയ് ജൂഡിന്റെ തിരക്കഥാകൃത്തും നിര്‍മ്മലായിരുന്നു. അമേരിക്കന്‍ മലയാളികളുടെ കഥ പറയുന്ന രണം, ഭൂരിപക്ഷവും അമേരിക്കന്‍ പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചത്.


പേര് സൂചിപ്പിക്കുന്നത് പോലെ യുദ്ധസമാനമായ അന്തരീക്ഷമാണ് ‘രണ’ത്തിന്റേതും. അമേരിക്കന്‍ നഗരത്തിലേക്ക് ചേക്കേറുന്ന ഗുണ്ടാഗാങ്ങുകള്‍ തമ്മിലുള്ള പ്രതികാരത്തിന്റെ കഥയാണ് രണമെന്നാണ് പ്രാഥമിക വിവരം. ഹോളിവുഡില്‍ നിന്നുള്ള സംഘട്ടന സംവിധായകരാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളൊരുക്കുന്നത്. ഹൗസ് ഓഫ് കാര്‍ഡ്സ്, മര്‍ഡര്‍ കോള്‍സ് എന്നീ സിനിമകള്‍ക്ക് സംഘട്ടന രംഗങ്ങളൊരുക്കിയ ക്രിസ്റ്റിയന്‍ ബ്രൂനെറ്റിയാണ് രണത്തിലെ സംഘട്ടന രംഗങ്ങളൊരുക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.