2018, ഓഗസ്റ്റ് 4, ശനിയാഴ്‌ച

കൊച്ചിയിലെ യാത്രകള്‍ ഇനി ഏറെ സ്മാര്‍ട്ടാകും


കൊച്ചി: കൊച്ചിയിലെ യാത്രാക്ലേശം ലഘൂകരിക്കാന്‍ മൊബൈല്‍ ആപ്പുമായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്. നഗരത്തില്‍ യാത്ര ചെയ്യുന്നവര്‍ ബസ്സിനായോ ബോട്ടിനായോ ഓട്ടോയ്‌ക്കോ വേണ്ടി കാത്തുനില്‍ക്കേണ്ടതില്ല. പൊതുഗതാഗത സൗകര്യം സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും മൊബൈലില്‍ ചലോ ആപ്പിലൂടെ ലഭ്യമാണ്.

 കെഎംആര്‍എല്ലും യുഎംടിസിയും ചേര്‍ന്ന് ബസുകള്‍ക്കും ബോട്ടുകള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും ഉള്‍പ്പെടെ തത്സമയ ട്രാക്കിംഗ് സേവനം നല്‍കുന്ന ഈ ആപ് ഇന്ത്യയില്‍ ആദ്യമായാണ് പുറത്തിറക്കുന്നത്. പൊതുഗതാഗത സംവിധാനങ്ങള്‍ സുഗമമായി ഉപയോഗിക്കുന്നതിനു സഹായിക്കുന്ന ചലോ ആപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ യാത്രകാര്‍ക്കായി സമര്‍പ്പിച്ചു. കെഎസ്ആര്‍ടിസിയുടെ ജില്ലയിലെ സര്‍വീസുകള്‍ ജിപിആര്‍എസ് ഘടിപ്പിച്ച് ആപ്പിനു കീഴിലാക്കും.

ജില്ലാ സര്‍വീസുകളുടെ റൂട്ട് ക്രമീകരിച്ച് വിവരങ്ങള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ചലോ ആപ്പിലൂടെ സമൂഹത്തിന്റെ എല്ലാ തട്ടുകളിലുള്ള ആളുകള്‍ക്കും പൊതുഗതാഗത സൗകര്യങ്ങള്‍ ആകര്‍ഷകമാക്കാം. അര്‍ബന്‍ മാസ് ട്രാന്‍സിറ്റ് കമ്പനിയുടെ (യുഎംടിസി) ആശയത്തിന് ചലോ രൂപം നല്‍കിയ ഈ ആപ്പ് സംസ്ഥാന സര്‍ക്കാരിന്റെ സംയോജിത പൊതുഗതാഗത നയത്തിനു കീഴിലാണ് കൊച്ചിയിലെത്തിച്ചരിക്കുന്നത്.


സമയക്രമം അനുസരിച്ച് യാത്രക്കാര്‍ക്ക് സ്‌റ്റോപ്പിലോ ജട്ടിയിലോ എത്തിച്ചേരാം. ജിപിഎസ് വഴി വാഹനത്തിന്റെ തല്‍സമയ സ്ഥലവിവരങ്ങളും ലഭ്യമാവും. വിവിധ വാഹനങ്ങള്‍ ഉള്‍പ്പെടുന്ന (ബസ്, ഫെറി, മെട്രോ, ഓട്ടോ, ടാക്‌സി) ചെറിയ യാത്രകള്‍ ക്രമീകരിക്കാന്‍ സൗകര്യവുമുണ്ട്. ചെലവു കുറഞ്ഞതും വേഗത്തിലുമുള്ള വിവിധ റൂട്ടുകള്‍ ആപ്പുവഴി തിരഞ്ഞെടുക്കാം.

എമര്‍ജന്‍സി എസ്ഒഎസ് വഴി ലൈവ് ട്രിപ്പ് ഷെയറിങ് സംവിധാനം വഴി അടുത്തുള്ള ബസ് സ്‌റ്റോപ്പുകള്‍, ഫെറികള്‍, മെട്രോ സ്‌റ്റേഷനുകള്‍ എന്നിവ കണ്ടുപിടിക്കാം.e

ആപ്പ് ഉപയോഗിക്കുന്നതിലൂടെ ഒരു ദിവസം ശരാശരി 40 മിനിറ്റു വരെ ലാഭിക്കാമെന്നാണ് കണക്ക്. ബസ് സ്‌റ്റോപ്പുകളിലും ജട്ടികളിലും തിരക്കൊഴിവാക്കാനും ആപ്പ് സഹായിക്കും. സ്മാര്‍ട്ട് ഫോണുകളില്‍ പ്ലേ സ്‌റ്റോറില്‍നിന്നു ഡൗണ്‍ലോഡ് ചെയ്യാം. ഹൈബി ഈഡന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.

കെഎസ്ആര്‍ടിസി സിഎംഡി ടോമിന്‍ ജെ തച്ചങ്കരി, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കെ പത്മകുമാര്‍, ജലഗതാഗത വകുപ്പ് ഡയറക്ടര്‍ ഷാജി വി നായര്‍, കൊച്ചി പ്രൈവറ്റ് ബസ് ഓപറേറ്റിങ് കമ്പനി കണ്‍വീനര്‍ കെബി സുനീര്‍, കെഎംആര്‍എല്‍ ഡയറക്ടര്‍ എ പി എം മുഹമ്മദ് ഹനീഷ്, എയുടിസി സീനിയര്‍ അഡൈ്വസര്‍ കിഷോര്‍ നതാനി പങ്കെടുത്തു.