2018, ഓഗസ്റ്റ് 15, ബുധനാഴ്‌ച

സ്ഥിതിഗതികള്‍ അസാധാരണം; എല്ലാ സേനാവിഭാഗങ്ങളോടും പൂര്‍ണ്ണ സജ്ജരായിരിക്കാന്‍ നിര്‍ദ്ദേശം


സംസ്ഥാനത്ത് കനത്ത മഴ തുടരവെ സ്ഥിതിഗതികള്‍ അസാധരണമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍. എല്ലാ സേനാവിഭാഗങ്ങളും ഏത് സാഹചര്യത്തെയും നേരിടാന്‍ പൂര്‍ണ്ണ സജ്ജമാവാണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. അവധിയില്‍ പോയിരിക്കുന്നതും വീടികളിലേക്ക് മടങ്ങിയിരിക്കുന്നതുമായ മുഴുവന്‍ റവന്യു ഉദ്യോഗസ്ഥരോടും ഓഫീസുകളിലേക്ക് എത്രയും വേഗം മടങ്ങിയെത്താനും നിര്‍ദേശം നല്‍കി.
സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാള്‍ തീരത്തിനടുത്ത് രൂപംകൊണ്ട ന്യൂനമര്‍ദം അതിശക്ത ന്യൂനമര്‍ദമായി മാറിയതാണ് ഇപ്പോഴത്തെ കനത്തമഴയ്ക്ക് കാരണം. അണക്കെട്ടുകള്‍ മിക്കതും നിറഞ്ഞിരിക്കുകയാണ്. 33 അണക്കെട്ടുകളാണ് തുറന്നിരിക്കുന്നത്. മിക്ക നദികളും കരകവിഞ്ഞ് ഒഴുകകയാണ്. ഡാമുകള്‍ തുറന്നു വിട്ടിരിക്കുന്നതിനാലും നദികളില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യവും മുന്നില്‍ കണ്ട് ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
ഇടുക്കി അണക്കെട്ടില്‍ രാവിലെ എട്ടിന്റെ റീഡിങ് അനുസരിച്ച് ജലനിരപ്പ് 2398.66 അടിയായി ഉയര്‍ന്നു. പത്തുലക്ഷം ലീറ്റര്‍ (1000 ക്യുമെക്‌സ്) വെള്ളമാണു പുറത്തുവിടുന്നത്. 15,74,000 ലീറ്റര്‍ (1574 ക്യുമെക്‌സ്) ജലമാണു അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. മുല്ലപ്പെരിയാറില്‍ പുലര്‍ച്ചെ 2.35ന് ഡാമിലെ ജലനിരപ്പ് 140 അടിയായതിനു പിന്നാലെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തിയിരുന്നു. സ്പില്‍വേയിലെ 13 ഷട്ടറുകള്‍ ഒരടി വീതമാണ് ആദ്യം തുറന്നത്. രണ്ടു മണിക്കൂറിനു ശേഷം ഇതില്‍ മൂന്നു ഷട്ടറുകള്‍ അടച്ചു. രാവിലെ എട്ടിന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.2 അടിയായി ഉയര്‍ന്നിട്ടുണ്ട്. പരമാവധി ജലനിരപ്പ് 142 അടിയാണ്.