2018, ഓഗസ്റ്റ് 8, ബുധനാഴ്‌ച

കരുണാനിധിയുടെ ഭൗതികശരീരം പൊതുദര്‍ശനത്തിന് വെച്ച ഹാളിലേക്ക് ജനം ഇരച്ചു കയറി; തിക്കിലും തിരക്കിലും രണ്ട് മരണം; നിയന്ത്രിക്കാനാകാതെ പോലീസ്‌


മുന്‍ മുഖ്യമന്ത്രി എം.കരുണാനിധിയുടെ ഭൗതികശരീരം പൊതുദർശനത്തിനു വച്ച രാജാജി ഹാളില്‍ ബാരിക്കേഡുകൾ തകർത്ത് ഹാളിനകത്തേക്ക് ഡിഎംകെ പ്രവർത്തകർ തള്ളിക്കയറി. തിക്കിലും തിരക്കിലുംപ്പെട്ട് രണ്ട് പേര്‍ മരിച്ചു. പ്രവർത്തകരെ നിയന്ത്രിക്കാന്‍ ആവശ്യത്തിനുള്ള പൊലീസ് ഇല്ലെന്നും, അവര്‍ നിഷ്ക്രിയരായി നില്‍ക്കുകയാണെന്നും ഡിഎംകെ ആരോപിച്ചു. തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിചേര്‍ന്ന പ്രവര്‍ത്തകരോട് ശാന്തരായിരിക്കുവാന്‍ എം.കെ. സ്റ്റാലിന്‍ ആവശ്യപ്പെട്ടു.  

കരുണാനിധിയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി രാജാജി ഹാളിലേക്ക്  ആയിരക്കണക്കിന് പ്രവർത്തകര്‍ പ്രവഹിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി നിർമല സീതാരാമൻ, നടൻ രജനീകാന്ത്, ധനുഷ്, മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം, ടി.ടി.വി.ദിനകരൻ, കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കമൽഹാസൻ, ദീപ ജയകുമാർ തുടങ്ങി ഒട്ടേറെപ്പേരെത്തി കലൈഞ്ജര്‍ക്ക് അന്തിമോപചാരം അർപ്പിച്ചു.