2018, ഓഗസ്റ്റ് 1, ബുധനാഴ്‌ച

പേടിഎമ്മിന് വന്‍ തിരിച്ചടി: പെയ്‌മെന്റ്‌സ് ബാങ്കിലേക്ക് പുതിയ യൂസേഴ്‌സിനെ സ്വീകരിക്കരുതെന്ന് ആര്‍.ബി.ഐ; സി.ഇ.ഒ രാജിവെച്ചു


പുതിയ യൂസേഴ്‌സിനെ ചേര്‍ക്കരുതെന്ന് ആര്‍ബിഐ കര്‍ശന നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പുതിയ യൂസേഴ്‌സിനുള്ള പേടിഎം പെയ്‌മെന്റ്‌സ് ബാങ്ക് രജിസ്‌ട്രേഷന്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കെവൈസി മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാത്തത് കൊണ്ടാണ് ആര്‍ബിഐയുടെ ഈ നടപടി എന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

അതേസമയം, നിലവില്‍ പേടിഎം ആപ്പും പെയ്‌മെന്റ് ബാങ്കും ഉപയോഗിക്കുന്നവര്‍ക്ക് തടസ്സങ്ങളില്ലാതെ ഉപയോഗം തുടരുകയും ചെയ്യാം.  അക്കൗണ്ട് ഓപ്പണിങില്‍ കറന്റ് അക്കൗണ്ട് ഉള്‍പ്പെടെ കൂട്ടിച്ചേര്‍ത്ത് നടപടിക്രമങ്ങള്‍ പുതിയ മാറ്റങ്ങള്‍ വരുത്തുന്നതിനാലാണ് പുതിയ അക്കൗണ്ട് ഓപ്പണിങ്ങുകള്‍ തുടങ്ങുന്നതിന് ഇത്രയും കാലതാമസം നേരിടുന്നത്. ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ സൂക്ഷിക്കുന്നതിന് പേടിഎം കൂടുതല്‍ കര്‍ശനമായ സുരക്ഷ ഒരുക്കണമെന്നും ആര്‍ബിഐ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഇതോടൊപ്പം പേടിഎമ്മിന്റെ പെയ്‌മെന്റ് ബാങ്ക് സേവനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന സിഇഒ രേണു സറ്റിയ്ക്ക് കാര്യക്ഷമത ഇല്ലെന്നും ഇവരെ മാറ്റണമെന്നും ആര്‍ബിഐ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് സ്രോതസ്സുകള്‍ വെളിപ്പെടുത്തിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രേണു രാജിവെച്ച് പേടിഎമ്മില്‍ തന്നെ മറ്റൊരു തസ്തികയിലേക്ക് മാറി. എന്നാല്‍, പേടിഎമ്മിന്റെ തന്നെ റീട്ടെയില്‍ ബിസിനസ് വിഭാഗത്തിന്റെ ചുമതല ഏറ്റെടുക്കാനാണ് പെയ്‌മെന്റ്‌സ് ബാങ്ക് സിഇഒ സ്ഥാനം രാജിവെച്ചത് എന്നാണ് പേടിഎം ഔദ്യോഗികമായി അറിയിച്ചത്.

പേടിഎം പെയ്‌മെന്റ് ബാങ്കുകള്‍ക്ക് വണ്‍97 കമ്യൂണിക്കേഷന്‍സിന്റേത് അല്ലാതെ പ്രത്യേക ഓഫീസ് സംവിധാനം വേണമെന്നും ആര്‍ബിഐ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  5 ബില്യണ്‍ ട്രാന്‍സാക്ഷന്‍സും 50 ബില്യണ്‍ ഡോളര്‍ ഗ്രോസ് ട്രാന്‍സാക്ഷന്‍ വാല്യുവുമുള്ള സ്ഥാപനമാണ് പേടിഎം. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് പേടിഎമ്മിന്റെ ട്രാന്‍സാക്ഷന്‍ മൂല്യം അഞ്ചിരട്ടിയാണ് വര്‍ദ്ധിച്ചിരിക്കുന്നത്. ഗൂഗിള്‍ ടേസ് പോലെയുള്ള വമ്പന്‍ കമ്പനികള്‍ എതിരാളികളായി ഉണ്ടെങ്കിലും പേടിഎമ്മിന് ഇന്ത്യയില്‍ ഇപ്പോഴും വലിയ സ്വീകാര്യതയാണുള്ളത്.