2018, സെപ്റ്റംബർ 3, തിങ്കളാഴ്‌ച

ഹനാന്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; നട്ടെല്ലിന് പരുക്ക്


കൊച്ചി തമ്മനത്ത് മീന്‍ വില്‍പന നടത്തിയതിലൂടെ ജനശ്രദ്ധ നേടിയ കോളജ് വിദ്യാര്‍ഥി ഹനാന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇന്നു രാവിലെ കൊടുങ്ങല്ലൂരിലാണ് സംഭവം. ഹനാന്റെ നട്ടെല്ലിന് പരുക്കേറ്റിട്ടുണ്ട്. എന്നാല്‍ പരുക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

തമ്മനത്ത് സ്‌കൂള്‍ യൂണിഫോമില്‍ മീന്‍ വിറ്റ വാര്‍ത്ത മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ഹനാന്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റുന്നത്. ഈ വാര്‍ത്ത കണ്ട് സംവിധായകന്‍ അരുണ്‍ഗോപി പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ഇരുപത്തിഒന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലേക്ക് അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു.


മീന്‍ വിറ്റും കച്ചവടങ്ങള്‍ നടത്തിയും ഈവന്റ് മാനേജ്‌മെന്റിന് പോയുമൊക്കെയാണ് കോളജ് പഠനത്തിനുള്ള പണം ഹനാന്‍ സമ്പാദിക്കുന്നത്. തൊടുപുഴയിലെ അല്‍അസര്‍കോളജിലെ മൂന്നാംവര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിനിയാണ് ഹനാന്‍.