2018, സെപ്റ്റംബർ 3, തിങ്കളാഴ്‌ച

വേദനയേറ്റ് പിടയുന്ന ഹനാനൊപ്പം ഐ.സിയുവിൽ ഫേസ്ബുക്ക് ലൈവ്: പ്രതിഷേധം ശക്തമാകുന്നുകൊടുങ്ങല്ലൂർ: കാറപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഹാനാനൊപ്പം ഫേസ്ബുക്ക് ലൈവിട്ട യുവാവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെ ഐ.സി.യുവിൽ നിന്ന് ലൈവിട്ട കൊടുങ്ങല്ലൂർ മേത്തല സ്വദേശിക്കെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്. സംഭവം വിവാദമായതോടെ ഇയാൾക്കെതിരെ പൊലീസ് അന്വേഷണം നടത്തി. കൊടുങ്ങല്ലൂർ മേത്തല സ്വദേശി രാജേഷ് രാമനാണ് ലൈവ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ലൈവിടുന്നതിന് ആശുപത്രിയിലെ ഡോക്ടർമാർ വിലക്കിയിട്ടും ഇയാൾ തുടരുകയായിരുന്നു.

കോളേജ് യൂണിഫോമിൽ മീൻ വില്പന നടത്തി ശ്രദ്ധേയയായ ഹനാന്റെ അപകട വാർത്ത ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. ഇന്ന് രാവിലെ ആറരയോടെ ദേശീയപാത 17ൽ കൊടുങ്ങല്ലൂർ കോതപറമ്പ് ടൂവീലർ വർക്ക്‌ഷോപ്പിന് എതിർവശത്ത് വച്ചാണ് അപകടം. അശ്രദ്ധമായി കാറിന് മുന്നിലേക്ക് ചാടിയ സൈക്കിൾ യാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഡ്രൈവർ കാർ വെട്ടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട് റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇവർ സഞ്ചരിച്ചിരുന്ന ഹ്യൂണ്ടായ് ഐ ടെൻ കാറിന്റെ മുൻവശം തകർന്നു. ആശുപത്രി കിടക്കയിൽ വേദനകൊണ്ട് പിടയുന്ന ഹനാന്റെ ദൃശ്യങ്ങളാണ് ഇയാൾ ഫെയ്‌സ്ബുക്ക് ലൈവിലൂടെ പകർത്തിയത്. സംസാരിക്കാൻ പാടുപെടുന്ന ഹാനാനോട് അപകടത്തെ കുറിച്ച് വിവരിക്കാനും ഇയാൾ ആവശ്യപ്പെടുന്നു.

ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ലൈവ് നൽകിയത്. അപകടത്തിലായ ഹനാന്റെ എക്‌സ്‌ക്ലൂസീവ് ദൃശ്യങ്ങളാണ് ഇതെന്നും ഹനാന്റെ അടുക്കൽ ആദ്യമായി എത്തുന്നത് തങ്ങളാണെന്നുമുള്ള അവകാശവാദവും ഇയാൾ വീഡിയോയിലൂടെ ഉന്നയിക്കുന്നു. തനിക്ക് ഒരു കാൽ അനക്കാനാകുന്നില്ലെന്ന വസ്തുത കരഞ്ഞുപറയുന്ന ഹനാനെയും വിഡിയോയിൽ കാണാം.

പ്രാഥമിക ചികിത്സ നടക്കുന്നതിനിടയിലാണ് ഇയാൾ ഹനാനെ സമീപിച്ചത്. ലൈവിൽ ഹനാന് നിസാരപരുക്കുകളേയുള്ളൂവെന്നാണ് ഇയാൾ പറയുന്നത്. ഈ വാർത്ത എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇതെന്നും ഇയാൾ കൂട്ടിച്ചേർക്കുന്നു. എന്നാൽ ഈ ക്രൂരമായ ഫേസ്ബുക്ക് ലൈവിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തകമാകുകയാണ്.


അതേസമയം, ഹനാനൊപ്പം സഞ്ചരിച്ചിരുന്ന കാർ ഡ്രൈവർക്ക് നിസാര പരിക്കുകൾ മാത്രമാണുള്ളത്. അപകട വിവരമറിഞ്ഞ് ഓടിയെത്തിയ സന്നദ്ധ സംഘടനയായ ആക്ട്‌സിന്റെ കൊടുങ്ങല്ലൂർ യൂണിറ്റ് പ്രസിഡന്റ് അഡ്വ. എ.എസ് ധീരജാണ് ആംബുലൻസിൽ ഹനാനെ ആദ്യം കൊടുങ്ങല്ലൂരിൽ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.