2018, ഒക്‌ടോബർ 11, വ്യാഴാഴ്‌ച

മോഹന്‍ലാലിന്റെ രണ്ടാമൂഴം മുടങ്ങും; എംടി പിന്‍മാറി!! തിരക്കഥ ആവശ്യപ്പെട്ട് കോടതിയില്‍കോഴിക്കോട്: മോഹന്‍ലാല്‍ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം രണ്ടാമൂഴം മുടങ്ങിയേക്കും. തിരക്കഥ തിരിച്ചുവാങ്ങാന്‍ ഒരുങ്ങി എംടി വാസുദേവന്‍ നായര്‍. കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ എംടി ഹര്‍ജി നല്‍കി. ഇന്ത്യന്‍ സിനിമയില്‍ ചരിത്രമായേക്കാവുമെന്ന് കരുതിയ ചിത്രമാണ് രണ്ടാമൂഴം. പ്രധാന കഥാപാത്രമായ ഭീമന്റെ വേഷമാണ് മോഹന്‍ലാലിന് നിശ്ചയിച്ചിരുന്നത്.


പല തടസങ്ങളും നേരത്തെ കേട്ടിരുന്നെങ്കിലും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും നിര്‍മാതാവ് ബിആര്‍ ഷെട്ടിയും ചിത്രം പുറത്തിറങ്ങുമെന്ന് അറിയിച്ചിരുന്നു. ഇതോടെ ചിത്രീകരണത്തിലേക്ക് കടക്കാനിരിക്കവെയാണ് എംടി കോടതിയെ സമീപിച്ചിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

നാല് വര്‍ഷം മുമ്പാണ്..

നാല് വര്‍ഷം മുമ്പാണ് ശ്രീകുമാര്‍ മേനോന്‍ എംടിയുടെ തിരക്കഥ അടിസ്ഥാനമാക്കി രണ്ടാമൂഴം സിനിമയാക്കാന്‍ തീരുമാനിച്ചത്. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം എംടി തിരക്കഥ തയ്യറാക്കി കൈമാറുകയും ചെയ്തു. എന്നാല്‍ കരാര്‍ പ്രകാരമുള്ള വ്യവസ്ഥകള്‍ പാലിച്ചില്ലെന്ന് എംടി ചൂണ്ടിക്കാട്ടുന്നു. ഈ പശ്ചാത്തലത്തിലാണ് പിന്‍മാറ്റം.

കാലാവധി കഴിഞ്ഞു, നീട്ടി നല്‍കി

മൂന്ന് വര്‍ഷത്തേക്കായിരുന്നു തിരക്കഥയുടെ കരാര്‍. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള തിരക്കഥയാണ് എംടി കൈമാറിയിരുന്നത്. മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും സിനിമയുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിച്ചില്ല. പിന്നീട് ഒരു വര്‍ഷം കൂടി കരാര്‍ നീട്ടിനല്‍കി. ഈ കാലാവധിയും കഴിഞ്ഞതോടെയാണ് എംടിയുടെ പിന്‍മാറ്റം.

പണം തിരിച്ചുകൊടുക്കും

തിരക്കഥ തയ്യാറാക്കുന്നതിന്റെ ഭാഗമായി മുന്‍കൂറായി കുറച്ചുപണം എംടി സ്വീകരിച്ചിരുന്നു. ഈ പണം തിരിച്ചുകൊടുക്കാന്‍ തയ്യാറാണെന്ന് എംടി അറിയിച്ചു. തിരക്കഥ തിരിച്ചുനല്‍കുന്ന വേളയില്‍ പണം കൈമാറുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതോടെ ബിഗ് ബജറ്റ് ചിത്രം മുടങ്ങുമെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്.

ഏറെ കൊട്ടിഘോഷിച്ച്

ഏറെ കൊട്ടിഘോഷിച്ചാണ് രണ്ടാമൂഴം സിനിമയുടെ പ്രഖ്യാപനം നടന്നത്. 1000 കോടി രൂപ ചെലവില്‍ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം. വര്‍ഷങ്ങള്‍ നീണ്ട ഗവേഷഷണത്തിന് ശേഷമാണ് എംടി തിരക്കഥ തയ്യാറാക്കിയത്. എന്നാല്‍ യാതൊരു കാരണവും വ്യക്തമാക്കാതെ സിനിമാ നിര്‍മാണം വൈകുകയാണ്. ഇതാണ് പിന്‍മാറ്റത്തിന് കാരണമെന്ന് അറിയുന്നു.

നോവലും തിരക്കഥയും

ഏറെ വര്‍ഷത്തെ ശ്രമഫലമായിട്ടാണ് എംടി രണ്ടാമൂഴം എന്ന നോവല്‍ എഴുതിയത്. തിരക്കഥ തയ്യാറാക്കാന്‍ അത്ര തന്നെ സമയം വീണ്ടുമെടുത്തു. കരാറില്‍ മൂന്ന് വര്‍ഷമാണ് പറഞ്ഞിരുന്നതെങ്കിലും വീണ്ടും ഒരു വര്‍ഷം കൂടി നീട്ടി നല്‍കി. അതും കഴിഞ്ഞതോടെയാണ് എംടിയുടെ പിന്‍മാറ്റം. അഡ്വാന്‍സ് തുക മടക്കി നല്‍കുമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

രണ്ട് സിനിമകള്‍, 1000 കോടി

മഹാഭാരത് എന്ന പേരില്‍ രണ്ട് ഭാഗങ്ങളായി 1000 കോടി രൂപ ചെലവില്‍ സിനിമ തയ്യാറാക്കാനാണ് തീരുമാനിച്ചിരുന്നത്. ഇന്ത്യയില്‍ തന്നെ ഏറ്റവും ചെലവേറിയ സിനിമയാകുമിതെന്ന് കരുതിയിരുന്നു. അടുത്ത വര്‍ഷം ജൂലൈയില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് നിര്‍മാതാവ് ബിആര്‍ ഷെട്ടി അറിയിച്ചത്.

ഏഷ്യയില്‍ ആദ്യം

ഏഷ്യയില്‍ ഇതുവരെ നിര്‍മിക്കിപ്പെട്ടതില്‍ ഏറ്റവും വലിയ പ്രൊഡക്ഷന്‍ ആയിരിക്കും രണ്ടാമൂഴമെന്ന് ബിആര്‍ ഷെട്ടി പറഞ്ഞിരുന്നു. ലോക സിനിമയിലെ നിരവധി പ്രമുഖ താരങ്ങള്‍ ചിത്രത്തിലുണ്ടാകുമെന്നും സൂചന നല്‍കിയിരുന്നു. ആദ്യഭാഗം പുറത്തിറങ്ങി നാല് മാസത്തിന് ശേഷം രണ്ടാം ഭാഗം ഇറക്കാനായിരുന്നു തീരുമാനം. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ അവസാന ഘട്ടത്തിലെത്തിയിരിക്കെയാണ് എംടിയുടെ പിന്‍മാറ്റം.